Chandrasenan Mithirmala
Chandrasenan Mithirmala
Chandrasenan Mithirmala, a multifaceted genius, shines as a writer, poet, social reformer, magician, orator, and motivational guide. With a pen that weaves magic, he has crafted numerous works that inspire and enlighten.
Rooted in the vibrant social fabric of Kerala, he tirelessly champions progressive ideals, connecting hearts and minds with his vision. His unwavering mission is to cultivate a deep connection with the people.
=============================================
എഴുത്തുകാരൻ, കവി, സാമൂഹിക പരിഷ്കർത്താവ്, മാന്ത്രികൻ, വാഗ്മി, മോട്ടിവേഷൻ സഹായി എന്നീ നിലകളിൽ മികവ് പുലർത്തുന്ന ബഹുമുഖ പ്രതിഭയാണ് ചന്ദ്രസേനൻ മിതൃമ്മല. മാന്ത്രികത നെയ്യുന്ന പേന ഉപയോഗിച്ച്, പ്രചോദനവും പ്രബുദ്ധതയും നൽകുന്ന നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
കേരളത്തിൻ്റെ ഊർജ്ജസ്വലമായ സാമൂഹിക ഘടനയിൽ വേരൂന്നിയ അദ്ദേഹം, പുരോഗമനപരമായ ആദർശങ്ങളെ അശ്രാന്തമായി ഉയർത്തിപ്പിടിക്കുന്നു, തൻ്റെ കാഴ്ചപ്പാട് കൊണ്ട് ഹൃദയങ്ങളെയും മനസ്സിനെയും ബന്ധിപ്പിക്കുന്നു. ജനങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കുക എന്നതാണ് അദ്ദേഹത്തിൻ്റെ അചഞ്ചലമായ ദൗത്യം.
ACHIEVEMENTS
ഗൂഢകലയായും ആഭിചാരക്രിയയായും ഭയത്തോടെയാണ് സമൂഹം ജാലവിദ്യയെ കണ്ടിരുന്നത്. സമൂഹത്തിൽ അന്ധവിശ്വാസം വളർത്തുന്നതിൽ ജാലവിദ്യക്കാരും ഒരു പങ്കു വഹിച്ചിരുന്നു. ഇതിനെതിരെ ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളായ യൂട്യൂബ് ഫെയ്സ്ബുക്ക് എന്നിവയിലൂടെയും ശക്തമായ പ്രവർത്തനങ്ങൾ നടത്തി. ഇന്ദ്രജാല വിഷയവുമായി ബന്ധപ്പെടുത്തി ആറ് പുസ്തകങ്ങൾ പുറത്തിറക്കി. ഇന്ദ്രജാലത്തിലെ ശാസ്ത്രവും സാഹിത്യവും സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ ഇതിലൂടെ കഴിഞ്ഞു. സന്ദേശ പ്രചാരണ ജാലവിദ്യകളുമായി സംസ്ഥാനത്തുടനീളവും ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും സജീവ സാന്നിധ്യമായി. നിരവധി ലേഖനങ്ങളിലൂടെ അന്ധവിശ്വാസത്തിനെതിരെ പ്രവർത്തിക്കുകയും സമൂഹത്തിൽ ശാസ്ത്ര ബോധം വളർത്തുവാൻ പ്രവർത്തിക്കുകയും ചെയ്തു. ശാസ്ത്രബോധന ക്ലാസ്സുകൾ ജാലവിദ്യാ പ്രകടനത്തിലൂടെ കേരളത്തിലാകെ നടപ്പിലാക്കി. സമൂഹത്തെ കബളിപ്പിക്കുന്ന തട്ടിപ്പുകളെ നേർക്കുനേർ എതിർത്തു തോല്പിച്ചു. ശാസ്ത്ര, ഗണിത ശാസ്ത്ര താല്പര്യം സമൂഹത്തിലുണ്ടാകുവാൻ തീവ്രശ്രമങ്ങൾ നടത്തി. കാൽ നൂറ്റാണ്ടുകാലം മാജിക്ക് അക്കാദമിയുടെ ഡയറക്ടറായി പ്രവർത്തിക്കുന്നതിലൂടെ സമൂഹത്തിൽ നിരവധി മാറ്റങ്ങളുണ്ടാക്കുവാൻ കാരണക്കാരനായി. പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ തുടക്കം മുതൽ നാലുപതിറ്റാണ്ടുകളായി അതിൻ്റെ സജീവ പ്രവർത്തകൻ.
ജാലവിദ്യാരംഗം
ഒരു ഗൂഢകല എന്ന നിലയിൽ ഇന്ദ്രജാലത്തെ തളച്ചിടുന്നതിന് ഇന്ദ്രജാലക്കാരടക്കം മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിലാണ് ഇന്ദ്രജാലരംഗത്തേക്ക് കടന്നുവരുന്നത്. 1996-ൽ മാജിക്ക് അക്കാദമിയുടെ തുടക്ക കാലഘട്ടം മുതൽ ഒരു സജീവ പ്രവർത്തകനായി മാറുകയും അക്കാദമിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ശക്തമായി പോരാട്ടം നടത്തുന്നതിനും ഗൂഢകല എന്ന നിലയിൽ നിന്നും ഇന്ദ്രജാലത്തെ ഒരു ശാസ്ത്രീയകല എന്ന നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചു.
ഇന്ദ്രജാല കലയിലെ കുലപതിയായ ഗോപിനാഥ് മുതുകാടുമൊന്നിച്ച് 1998-ൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ദേശീയോദ്ഗ്രഥന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടുള്ള കണ്ണ് കെട്ടി മോട്ടോർസൈക്കിൾ ഓടിക്കൽ പരിപാടിയിൽ പങ്കെടുക്കുകയും വിജയകരമായി അത് പൂർത്തീകരിക്കുകയും ചെയ്തു. 1998 മുതൽ മാജിക് അക്കാദമിയുടെ ഓണറി ഡയറക്ടർ, 2011 മുതൽ മാജിക് അക്കാദമിയുടെ മുഴുവൻ സമയ ഡയറക്ടർ എന്നീ നിലകളിൽ സേവനം കാഴ്ചവച്ചു.
ദീർഘമായ 25 വർഷ കാലയളവിനുള്ളിൽ നിരവധി സാമൂഹ്യപ്രതിബദ്ധതയുള്ള പരിപാടികൾ തൻ്റെ കലാരൂപമായ ഇന്ദ്രജാലത്തിലൂടെ പൊതുജനങ്ങളിൽ എത്തിക്കുന്നതിന് തീവ്രമായ ശ്രമങ്ങൾ നടത്തുകയുണ്ടായി. ശ്രീ.പാലൊളി മുഹമ്മദ് കുട്ടി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരിക്കേ മാലിന്യനിർമാർജനം, ജലസംരക്ഷണം എന്നീ വിഷയങ്ങൾ മുൻ നിർത്തി നടത്തിയ സന്ദേശ പ്രചാരണ പരിപാടികൾക്കായി കേരളമാകെ സഞ്ചരിച്ചു. മതമൈത്രിക്ക് വേണ്ടി സംസ്ഥാനത്തുടനീളം എന്ന് മാത്രമല്ല ഇന്ത്യയിലുടനീളം നടത്തിയ ഇന്ദ്രജാല ബോധവല്ക്കരണ പരിപാടിയുടെ നേതൃത്വമേറ്റെടുത്തു പ്രവർത്തിച്ചു. ഗോപിനാഥ് മുതുകാട് മാജിക്ക് അക്കാദമിയുടെ നേതൃത്വത്തിൽ നടത്തിയ വിവിധ ഭാരത പര്യടന യാത്രകൾക്ക് മാജിക് അക്കാദമി എന്ന നിലയിൽ നേതൃത്വം കൊടുക്കുകയും അതിൻ്റെ രൂപകല്പനയ്ക്ക് പ്രധാനപ്പെട്ട പങ്കുവഹിയ്ക്കുകയും ചെയ്തു. ഇന്ദ്രജാലത്തെ ഒരു ജനകീയ കലയായി വളർത്തിയെടുക്കുന്നതിൽ നിസ്തുലമായ പ്രവർത്തനങ്ങൾ നടത്തുകയും അന്ധവിശ്വാസത്തിനെതിരെ ശക്തമായ പ്രചാരണം ഇന്ദ്രജാലത്തിലൂടെ തന്നെ നിർവഹിക്കുകയും ചെയ്തു.
============================================
1998 മുതൽ പ്രൊഫഷണൽ രംഗത്ത് ജാലവിദ്യ അവതരിപ്പിച്ചു വരുമ്പോഴും ഈ ഓരോ ജാലവിദ്യയും ഓരോ സന്ദേശപ്രചാരണജാലവിദ്യയാക്കി മാറ്റിയെടുക്കുന്നതിൽ പ്രത്യേകം പങ്ക് വഹിച്ചിട്ടുണ്ട്. ദേശീയോദ്ഗ്രഥനം, മതമൈത്രി, നവീനമായ സാമൂഹ്യ വീക്ഷണം എന്നിവ വളർത്തിയെടുക്കുന്നതിനുവേണ്ടി ഗ്രന്ഥശാലകളിലൂടെ നിരവധി പരിപാടികൾ നടത്തിയിട്ടുണ്ട്.
താജ്മഹൽ സംരക്ഷണത്തിൻ്റെ ഭാഗമായി പുരോഗമനകലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിലടക്കം താജ്മഹൽ സംരക്ഷണത്തിൻ്റെ സന്ദേശം ഉൾക്കൊള്ളുന്ന ജാലവിദ്യാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. കേരളത്തിലെന്നു മാത്രമല്ല ഇന്ത്യയിലുടനീളവും യൂറോപ്പ്, മിഡിൽ ഈസ്റ്റ് അടക്കമുള്ള നിരവധി വിദേശ രാജ്യങ്ങളിലും ജാലവിദ്യ അവതരിപ്പിച്ചിട്ടുണ്ട്.
സാഹിത്യ രംഗം
'മായാജാലവും മലയാള കൃതികളും' എന്ന ഗ്രന്ഥം ഇന്നും വേറിട്ട പുസ്തകമായി തന്നെ നിലനിൽക്കുകയാണ്. മാജിക്കൽ ക്രിട്ടിസിസം എന്ന ഒരു നവശാഖയ്ക്ക് രൂപം നൽകിക്കൊണ്ടാണ് ഈ പുസ്തകം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇന്ദ്രജാലം വിഷയമാക്കി രചനകൾ നിർവ്വഹിക്കാത്ത സാഹിത്യകാരന്മാർ കുറവാണ്. ഇത്തരം രചനകളെ ആസ്പദമാക്കിയിട്ടുള്ള ഒരു പഠനമാണ് ഈ പുസ്തകം. അമ്പത് ഗവേഷണ പ്രബന്ധ ലേഖനങ്ങളാണിതിലുള്ളത്.
ഇന്ദ്രജാലത്തിലെ ശാസ്ത്രം എന്നും ഒരു തർക്കവിഷയമായിരുന്നു. മികച്ച നരവംസചിന്തകരടക്കം മാജിക്കിൽ ശാസ്ത്രമില്ലെന്നു പറയുമ്പോൾ ഇന്ദ്രജാലത്തിലെ ശാസ്ത്രത്തെ സാമാന്യ ജനങ്ങൾക്ക് ബോധ്യമാകുന്നതരത്തിൽ പ്രതിപാദിക്കുന്ന ഇന്ദ്രജാലവും ശാസ്ത്രവും എന്ന ഗ്രന്ഥം ഈ വിഷയത്തിൽ ഇന്ത്യൻ ഭാഷകളിലെത്തന്നെ ആദ്യത്തെ പുസ്തകമാണ്.
ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട 50 അത്ഭുതങ്ങൾ ഇന്ദ്രജാലമായി എങ്ങനെ അവതരിപ്പിക്കാമെന്ന് പ്രതിപാദിക്കുന്ന ഒരു പഠന ഗ്രന്ഥമാണ് 'ഗണിത സൂത്രം' എന്ന പുസ്തകം. മെൻ്റലിസം എന്ന പേരിൽ ജാലവിദ്യക്കാർ അവതരിപ്പിക്കുന്ന മനസ്സ് വായിക്കൽ, മനസ്സിനെ സ്വാധീനിക്കൽ മുതലായ എല്ലാ കാര്യങ്ങളുടെയും ശാസ്ത്രീയ വശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് അതിന്റെ പിന്നിലെ യഥാർത്ഥ ശാസ്ത്രത്തെ ബോധ്യപ്പെടുത്തുന്നതാണ് ഈ പുസ്തകം. ഗണിതശാസ്ത്ര പഠന രംഗത്തെ വിദ്യാർത്ഥികൾക്ക് മാത്രമല്ല അത് കൈകാര്യം ചെയ്യുന്ന അധ്യാപകർക്കും ഗണിതശാസ്ത്ര താല്പര്യമുള്ളവർക്കും ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്ന പുസ്തകമാണ് ഗണിതസൂത്രം.
സാഹിത്യ സംഘം മാസികയിലൂടെ കഴിഞ്ഞ മൂന്നു വർഷമായി 'ശാസ്ത്രം മാജിക്ക്' എന്ന പംക്തിയിലൂടെ അന്ധവിശ്വാസത്തിന് എതിരായ ജാലവിദ്യാ ശാസ്ത്ര ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.
ശാസ്ത്രത്തിന്റെ പേരുപറഞ്ഞുകൊണ്ട് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന നവീന ചിന്താപദ്ധതികൾക്കെതിരെ യഥാർത്ഥ ശാസ്ത്രം എന്താണെന്ന് ബോധ്യപ്പെടുത്തി അന്ധവിശ്വാസത്തിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനായി 'കറുത്തചിറകുള്ള വെളിച്ചം' എന്ന പേരിൽ ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. നിർമിത ബുദ്ധിയുടെ സാധ്യതകളടക്കം ഈ പുസ്തകം ചർച്ച ചെയ്യുന്നു.
ആത്മകഥാംശമുള്ള 'മിടിക്കുന്ന മനസ്സും ചലിക്കാത്ത ഫയലും ' എന്ന പുസ്തകം അനധികൃത അന്യസംസ്ഥാന ഭാഗ്യക്കുറികൾക്കെതിരെയുള്ള ശക്തമായ നടപടികളും ചുമട്ടുതൊഴിലാളിമേഖലയിലെ പ്രശ്നങ്ങളും സജീവമായ ചർച്ചയ്ക്കു വിഷയമാകുന്ന ഒന്നാണ്.
കറുത്തചിറകുള്ള വെളിച്ചം എന്ന പുതിയ പുസ്തകം 2025 ജൂലൈ ഇരുപതിന് ശ്രീ.ഗോപിനാഥ് മുതുകാട് ഡോക്ടർ അച്യുത് ശങ്കറിന് നൽകി പ്രകാശനം ചെയ്തു. വിശ്വാസം അന്ധമാകാതിരിക്കാനുള്ള ഒരു ശാസ്ത്രീയ വീക്ഷണം എന്നതാണ് ഇതിലെ ഉള്ളടക്കം.
ഔദ്യോഗിക രംഗം
ഭാഗ്യക്കുറി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ തസ്തിയിൽ നിന്നും വിരമിച്ചു. പാലക്കാട് ജില്ലാ ഭാഗ്യക്കുറി ഓഫീസറായി ജോലി നോക്കി വരവേ അനധികൃത അന്യസംസ്ഥാന ലോട്ടറികൾക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിന് നേതൃത്വം കൊടുത്തുകൊണ്ട് അനധികൃത ഭാഗ്യക്കുറികളുടെ വിൽപ്പനയ്ക്ക് വിരാമമുണ്ടാകത്തക്കവിധം മാതൃകാപരമായ നടപടിക്രമങ്ങൾ സ്വീകരിച്ചു. സംസ്ഥാനത്തൊട്ടാകെ 180 കോടി രൂപയുടെ അനധികൃതഭാഗ്യക്കുറികൾ പിടിച്ചെടുത്തതിൽ 150 കോടിയും പാലക്കാട് നിന്നും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തതാണ്. ഇന്ന് അനധികൃത അന്യസംസ്ഥാന ഭാഗ്യക്കുറികൾ കേരളത്തിൽ വിൽപ്പന നടക്കാതിരിക്കുന്നതിൻ്റെ പ്രധാനപ്പെട്ട കാരണവും ഈ റെയ്ഡുകൾ തന്നെയാണ്.
തൊഴിൽ മേഖല
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൻ്റെ തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ചെയർമാനായി അഞ്ചുവർഷം സേവനം അനുഷ്ഠിച്ചു. ചുമട്ടുതൊഴിലാളി മേഖലയിൽ മാതൃകാപരമായ അച്ചടക്കം കൊണ്ടുവരുന്നതിനും അനവധി നൂതനമായ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും ഈ കാലഘട്ടത്തിൽ സാധിച്ചു.
ചുമട്ടുതൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും അവർ നിർവഹിക്കേണ്ട ചുമതലകളും അവരുടെ അവകാശങ്ങളും ചുമട്ടുതൊഴിലാളി നിയമവും പ്രതിപാദിക്കുന്ന ഒരു പുസ്തകം മലയാളത്തിൽ തയ്യാറാക്കി സംസ്ഥാനമൊട്ടാകെ അത് എത്തിക്കുകയും അതോടൊപ്പം തന്നെ ഇത് സംബന്ധിച്ച വിവിധ ക്ലാസുകൾ സംഘടിപ്പിച്ചുകൊണ്ട് അവരുടെ ആനുകൂല്യങ്ങൾ യഥാവിധി കൈപ്പറ്റുന്നതിനും അവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും അവരുടെ ചുമതലകൾ നിർവഹിക്കുന്നതിനും നേതൃത്വപരമായ പങ്ക് വഹിച്ചു.
ഭാഗ്യക്കുറി റെയ്ഡുകളും ചുമട്ടുതൊഴിലാളി മേഖലയിലെ അനുഭവങ്ങളും ക്രോഡീകരിച്ച സർവ്വീസ് സ്റ്റോറിയാണ് മിടിക്കുന്ന മനസ്സും മടിക്കുന്ന ഫയലും' എന്ന പുസ്തകം.
സാമൂഹ്യ പ്രവർത്തനങ്ങൾ
സർവീസ് സംഘടനാ രംഗത്ത് സജീവസാന്നിധ്യമായിരുന്ന കാലഘട്ടത്തിൽ സമരമുഖങ്ങളിൽ നേതൃത്വം നൽകിയതിൻ്റെ പേരിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടുകയും ദീർഘനാൾ സർവീസിൽ നിന്ന് പുറത്താവുകയും ചെയ്തു. ഐതിഹാസികമായ നിരവധി സമരങ്ങളിൽ നേത്യസ്ഥാനത്തുനിന്ന് കൊണ്ട് അതിനെ നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയുണ്ടായി. എൻജിഒ യൂണിയൻ കെജിഐ എന്നീ സംഘടനകളിലെ സജീവസാന്നിധ്യം.
സാംസ്കാരിക രംഗം
പുരോഗമന കലാസാഹിത്യസംഘം രൂപവൽക്കരിക്കുമ്പോൾ മലപ്പുറം ജില്ലയിൽ അതിൻ്റെ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തനം തുടർന്ന് വരികയും നാളിതുവരെ അതിൻ്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും നേത്യത്വപരമായ പങ്ക് വഹിക്കുകയും ചെയ്തു വരുന്നു. സാമൂഹ്യപ്രതിബദ്ധതയുള്ള നിരവധി പദ്ധതികൾക്ക് പ്രചാരണം നൽകുന്നതിനുവേണ്ടി സന്ദേശ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുകയും കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 'നമ്മളൊന്ന്' പരിപാടിയിൽ നേത്യത്വപരമായ പങ്ക് വഹിക്കുകയും ചെയ്തു.
സാമൂഹ്യ മാധ്യമ രംഗം
ചന്ദ്രസേനൻ മിത്യമ്മല എന്ന യൂട്യൂബ് ചാനലിലൂടെ സാമൂഹ്യ പ്രതിബദ്ധതയുള്ള ശ്രദ്ധേയമായ നിരവധി വീഡിയോകൾ ചെയ്തിട്ടുണ്ട്. പൊതുജനാരോഗ്യ സംരക്ഷണം, കൺസ്യൂമർ ബോധവല്ക്കരണം, മെഡിസെപ്പടക്കമുള്ള വിവിധ സർക്കാർ പദ്ധതികൾ എന്നിവയും ശാസ്ത്രീയ ജാലവിദ്യാവഴികളും ഈ ചാനലിലൂടെ പുറത്തുവന്നിട്ടുണ്ട്.
മായാക്ഷരങ്ങൾ എന്ന മറ്റൊരു ചാനലും സ്വന്തമായി നടത്തുന്നു. ജാലവിദ്യാ സാന്നിധ്യമുള്ള പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന വിഷയങ്ങളാണ് ഇതിലെ ഉള്ളടക്കം.
ബോധവല്ക്കരണ ക്ളാസ്സുകൾ
അധ്യാപകർക്കായി ശാസ്ത്ര, ഗണിത ശാസ്ത്ര വിഷയങ്ങളിൽ സംസ്ഥാനത്തുടനീളം ക്ലാസ്സുകൾ നടത്തിക്കൊണ്ടിരിക്കുന്നു. കുട്ടികൾക്കിടയിൽ ശാസ്ത്രവും ഗണിതശാസ്ത്രവും പ്രചരിപ്പിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ക്ലാസ്സുകൾ സംസ്ഥാനത്തുടനീളം നൽകിവരുന്നു.
ആത്മവിശ്വാസംവർധിപ്പിക്കുന്നതിനും അതിലൂടെ നല്ലൊരു വ്യക്തിത്വം രൂപപ്പെടുത്തുന്നതിനും പ്രത്യേകം ക്ലാസ്സുകൾ നയിക്കുന്നു. പേരൻ്റിംഗിൻ്റെ ഭാഗമായി രക്ഷകർത്താക്കൾക്കായി സ്കൂളുകളിൽ പ്രത്യേക മനശ്ശാസ്ത്ര ബോധവല്ക്കരണ പരിപാടികളും ചെയ്തു വരുന്നു.
ഇവയെല്ലാം തന്നെ ഇന്ദ്രജാലത്തിലൂടെ നിർവ്വഹിക്കുകയും അതിനാൽ നിരവധിയാൾക്കാരുടെ ശ്രദ്ധയ്ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.
സാമൂഹ്യ ഇടപെടൽ
മിഡ്ബ്രയിൻ ആക്ടിവേഷൻ എന്ന പേരിൽ, വിദ്യാഭ്യാസ പ്രവർത്തനമെന്ന നിലയിൽ, സമൂഹത്തെ ഒന്നാകെ കബളിപ്പിക്കുന്ന പദ്ധതിയുമായി സാമൂഹ്യ വിരുദ്ധർ രംഗത്തെത്തിയപ്പോൾ ഇതിനെതിരെ ശക്തമായ പ്രവർത്തനങ്ങൾ നടത്തുകയും അതിന് തടയിടുകയും ചെയ്തു. കണ്ണു കെട്ടി മോട്ടോർ സൈക്കിൾ ഓടിക്കുന്ന അതേ തന്ത്രം ഉപയേഗിച്ചുകൊണ്ടാണ് അവർ ഇതു നടപ്പിലാക്കിയത്. കേവലം 250 രൂപയുടെ ഒരു ഉപകരണമാണ് ഇതിലേക്കായി ഉപയോഗിക്കുന്നത്. ഇതിന് 25000 രൂപ ഫീസ് നിശ്ചയിച്ച് നിരവധി കുട്ടികളെ കബളിപ്പിക്കുന്നതായി കണ്ടതോടെ ശക്തമായ പ്രതിപ്രവർത്തനം നടത്തി ഇതിന് വിരാമമിടുവിക്കുവാനായി അച്ചടിമാധ്യമങ്ങളിലൂടെ 'കണ്ണുമുടിക്കെട്ടുന്ന കേരളം' എന്ന ലേഖനം പ്രസിദ്ധീകരിച്ചും പത്രസമ്മേളനത്തിലൂടെ ഇതിൻ്റെ പൊള്ളത്തരം തുറന്നു കാട്ടിയും പ്രവർത്തിക്കുകയുണ്ടായി. ഇതിനായി ജാലവിദ്യാരഹസ്യമടക്കം പുറത്തറിയിക്കുകയായിരുന്നു.
ഫെസിലിറ്റേറ്റഡ് കമ്യൂണിക്കേഷൻ എന്ന സങ്കേതത്തിലൂടെ ഭിന്ന ശേഷിക്കുട്ടികളെ ചുഷണം ചെയ്യുന്നതിനെതിരെ ഇതിൻ്റെ ശാസ്ത്രീയ വശങ്ങൾ ബോധ്യപ്പെടുത്തി പത്രസമ്മേളനത്തിലൂടെയും അച്ചടി, ദൃശ്യ മാധ്യമങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ശക്തമായി പ്രതിരോധ മുറകൾ തീർത്തു. മിഡ്ബ്രെയിൻ ആക്ടിവേഷൻ തട്ടിപ്പ് പൂർണ്ണമായും ഫെസിലിറ്റേറ്റഡ് കമ്യൂണിക്കേഷൻ ഒരു പരിധി വരെയും തടഞ്ഞു നിർത്തുവാൻ ഈ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞു.